25 ലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ദേശീയതലത്തിലെ ഏറ്റവും വലിയ പരീക്ഷയുടെ തീരുമാനങ്ങൾ നീളുന്നതിൽ രക്ഷിതാക്കൾക്ക് ശക്തമായ എതിർപ്പാണുള്ളത്. 2024 ലെ സമാനസാഹചര്യങ്ങളിലൂടെ തങ്ങളുടെ കുട്ടികളും കടന്നുപോകുമോയെന്ന ആശങ്ക അവർ പങ്കുവയ്ക്കുന്നുണ്ട്. കാരണം പെട്ടെന്നുള്ള ഏതു തീരുമാനവും പുറത്തുവരുന്ന സാഹചര്യത്തിൽ ഒരു വിഭാഗം അതിനെ എതിർക്കുകയും ഒരുപക്ഷേ കോടതിയിൽ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതകളുമുണ്ട്. പരീക്ഷാ തീയതി, നടത്തിപ്പ്, പ്രവേശനം എന്നിവയിൽ ഗവൺമെന്റിന്റേയും കോടതിയുടേയും കൃത്യമായ ഇടപെടലാണ്അവർ ആവശ്യപ്പെടുന്നത്. ഡോക്ടർമാരുടെ ദൗർലഭ്യമെന്ന് സുപ്രീംകോടതിപോലും പരാമർശിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ NEET UG, PG പരീക്ഷയും പ്രവേശനവും സമയബന്ധിതമായി നടത്തുവാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. അതോടൊപ്പംതന്നെ മെഡിക്കൽ കമ്മീഷൻ MBBS SEAT കളുടെ വർധനവിനുവേണ്ടി അവരുടെ വെബ്സൈറ്റിൽ പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങുന്നതിനാവശ്യമായ അപേക്ഷയും, നിലവിലുള്ള കോളേജുകളിൽ സീറ്റു വർധനവിനുള്ള അപേക്ഷയും ക്ഷണിച്ചിട്ടുണ്ട്. വരുന്ന 5 വർഷം കൊണ്ട് 75,000 സീറ്റുകളുടെ വർധനവാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. ഈ അവസരത്തിൽ കേരളത്തിനാവശ്യമായ പുതിയ സീറ്റുകളുടെ കാര്യത്തിലും വ്യക്തമായ ധാരണയോടെ ഒരുമിച്ച് മുമ്പോട്ടു പോകേണ്ടതുണ്ട് എന്നും രക്ഷിതാക്കൾ ആവശ്യപ്പെടുന്നു. 2025 കേന്ദ്രബജറ്റ് ഉൾപ്പെടെ വരാനിരിക്കുന്ന സാഹചര്യത്തിൽ AIIMS ഉൾപ്പെടെയുള്ള നമ്മുടെ ആവശ്യങ്ങളും, വയനാട് ഉൾപ്പെടെയുള്ള മറ്റു ഗവൺമെന്റ് മെഡിക്കൽ കോളേജുകളുടെ അംഗീകാരവും നാം നേടിയെടുക്കേണ്ടിയിരിക്കുന്നു. അതോടൊപ്പം സ്വകാര്യ-ഡീംഡ് കോളേജുകളിലെ ഫീസ്ഘടനയിലും രക്ഷിതാക്കൾ ഗവൺമെന്റ ്ഇടപെടൽ പ്രതീക്ഷിക്കുന്നുണ്ട്. 50 ശതമാനം സീറ്റുകളെങ്കിലും മെറിറ്റ് സീറ്റുകളാക്കി മാറ്റണമെന്ന വർഷങ്ങളായിട്ടുള്ള രക്ഷിതാക്കളുടെ ആവശ്യം നിയമപരിരക്ഷകളിലൂടെ ഉറപ്പിക്കുവാനും അടിയന്തിര ഇടപെടലുകൾ ഉണ്ടാകേണ്ടതുണ്ട്.
English Summary: Parents of NEET aspirants are expressing strong opposition to delays in decisions regarding the exam, fearing that sudden changes could lead to legal challenges. They are calling for government and judicial intervention in the exam schedule, entrance process, and an increase in medical seats, including the establishment of new medical colleges, with an urgent need for clarity on seat allocations and fee structures in both government and private institutions.